കരുവാരകുണ്ട്: വന്യമൃഗങ്ങള്‍ നശിപ്പിക്കുന്ന കാര്‍ഷികവിളകള്‍ക്ക് വനംവകുപ്പ് നല്കുന്ന നഷ്ടപരിഹാര തുകയില്‍ 11 വര്‍ഷം കഴിഞ്ഞിട്ടും മാറ്റമില്ല. 2015-ല്‍ നിശ്ചയിച്ച നിരക്കുകള്‍ തന്നെയാണ് 2026-ലും തുടരുന്നത്. കഴിഞ്ഞ കര്‍ഷകദിനത്തില്‍ നഷ്ടപരിഹാരം 25 ശതമാനം വര്‍ധിപ്പിച്ചതായി മന്ത്രി എ.പി. അനില്‍കുമാര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതു നടപ്പായാല്‍ പോലും അപര്യാപ്തമാണെന്നും തുക കുറഞ്ഞത് 100 ശതമാനമെങ്കിലും ഉയര്‍ത്തണമെന്നുമാണ് കര്‍ഷകരുടെ ആവശ്യം.
കൃഷിച്ചെലവും വിപണി വിലയും കുത്തനെ ഉയര്‍ന്ന സാഹചര്യത്തില്‍ പഴയ നിരക്കില്‍ തുക നല്‍കുന്നത് കര്‍ഷകരെ വലിയ ദുരിതത്തിലാക്കുകയാണ്. നിലവിലെ നിരക്കനുസരിച്ച് ഒരു ഹെക്ടര്‍ നെല്‍കൃഷി നശിച്ചാല്‍ 11,000 രൂപയും, കായ്ഫലമുള്ള തെങ്ങിന് 770 രൂപയും (കായ്ഫലമില്ലാത്തതിന് 385), കുലച്ച വാഴയ്ക്ക് 110 രൂപയും (കുലയ്ക്കാത്തതിന് 83), ടാപ്പിംഗ് നടത്തുന്ന റബറിന് 330 രൂപയുമാണ് ലഭിക്കുന്നത്. കായ്ക്കുന്ന കശുമാവിനും കവുങ്ങിനും കാപ്പിക്കും കൊക്കോയ്ക്കും 110 രൂപ വീതവും, കുരുമുളകിന് 83 രൂപയുമാണ് തുക. ഇത്തരത്തില്‍ 33 ഇനം വിളകള്‍ക്കാണ് തുച്ഛമായ നിരക്കുകള്‍ നിശ്ചയിച്ചിട്ടുള്ളത്.
പരിശോധനകളും മറ്റു നടപടികളും പൂര്‍ത്തിയാക്കി തുക ലഭിക്കാന്‍ വലിയ കാലതാമസമുണ്ടാകുന്നതിനാല്‍ പല കര്‍ഷകരും അപേക്ഷിക്കാന്‍ പോലും മടിക്കുകയാണ്. വിളയുടെ ആയുസ്, ഉത്പാദന ചെലവ്, നിലവിലെ വിപണിവില എന്നിവ കണക്കിലെടുത്ത് നഷ്ടപരിഹാരനിരക്ക് അടിയന്തരമായി പുതുക്കണമെന്നും വന്യമൃഗ ആക്രമണത്തില്‍ ഉപജീവനം നഷ്ടപ്പെടുന്ന കര്‍ഷകരുടെ അപേക്ഷകളില്‍ സമയബന്ധിതമായി നടപടി സ്വീകരിക്കണമെന്നുമാണ് ആവശ്യം.